03:29pm 25 May 2026
NEWS

പാകിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ പഠാൻകോട്ടേക്ക്

27/04/2025  04:37 PM IST
nila
 പാകിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ പഠാൻകോട്ടേക്ക്

പാകിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ പഞ്ചാബിലെ പഠാൻകോട്ടിലേക്ക് പുറപ്പെട്ടു. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് സൈന്യം പിടികൂടിയ പുർണം കുമാർ ഷാ (40)യുടെ ഭാര്യ രജനിയാണ് ഇന്ന് അമൃത്സർ മെയിൽ ട്രെയിൻ വഴി ഫിറോസ്പുർ വഴി പഠാൻകോട്ടേക്ക് പുറപ്പെട്ടത്. ബം​ഗാൾ സ്വദേശിയായ രജനി ​ഗർഭിണിയാണ്. തന്റെ ഭർത്താവ് ശത്രുസൈന്യത്തിന്റെ പിടിയിലായിട്ട് നാലു ദിവസം കഴിഞ്ഞെന്നും ഇതുവരെ ആരും വ്യക്തമായ മറുപടി നൽകുന്നില്ല എന്നുമാണ് രജനി പറയുന്നത്. പഠാൻകോട്ടിൽ നിന്നും മറുപടി ലഭിക്കുന്നില്ലെങ്കിൽ ഡൽഹിയിലേക്ക് പോയി പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുമെന്നാണ് രജനി പറയുന്നത്. 

‘‘ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കമുണ്ട്. ചർച്ചകൾ നടക്കുന്നുവെന്നാണ് അവരുടെ നിലപാട്. എന്നാൽ നടപടിയൊന്നും ഉണ്ടാകുന്നില്ല. എന്റെ ഭർത്താവ് എന്ന് തിരിച്ചെത്തുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇനി കാത്തിരിക്കാനാകില്ല. ഇവിടുന്നും ഉത്തരം കിട്ടിയില്ലേൽ ഡൽഹിക്കു പോകും. പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകണം. രാഷ്ട്രപതിയെയും ബന്ധപ്പെടും. കണ്ണുമൂടിക്കെട്ടിയുള്ള പുർണത്തിന്റെ ഫോട്ടോ പാക്കിസ്ഥാൻ പുറത്തുവിട്ടത് കാണുമ്പോൾ ആശങ്ക വർധിക്കുന്നു’’ – അവർ പറഞ്ഞു.

കോൺസ്റ്റബിൾ റാങ്കിലുള്ള പുർണം കുമാർ ഷായെ (40) ഡ്യൂട്ടിക്കിടെ ബുധനാഴ്ചയാണ് പാക്ക് റേഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്തത്. അതിർത്തി കടന്നെന്ന് ആരോപിച്ചായിരുന്നു പാക് സൈന്യത്തിന്റെ നടപടി.  ഗർഭിണിയായതിനാൽ സ്വദേശമായ ബംഗാളിൽനിന്ന് ഇത്രയും ദൂരം യാത്ര ചെയ്ത് ഫിറോസ്പുരിലെത്താനുള്ള രജനിയുടെ ശ്രമത്തെ പുർണത്തിന്റെ കമാൻഡിങ് ഓഫിസർ പിന്താങ്ങിയിരുന്നില്ല. പിന്നീടാണ് അനുവാദം നൽകിയത്. രജനിക്കൊപ്പം രണ്ടു സഹോദരിമാരും ബന്ധുവും ഉണ്ടാകും. മകൻ സുരക്ഷിതമായി തിരിച്ചെത്തണമെന്ന് പുർണത്തിന്റെ അമ്മ ദേവന്തി ദേവിയും പറഞ്ഞു. കേന്ദ്രവുമായി ബന്ധപ്പെട്ട് വിഷയം നിരന്തരമായി പിന്തുടരാമെന്ന് റിഷ്റ മുനിസിപ്പൽ ചെയർമാൻ ഇന്നലെ ഇവരുടെ വീട്ടിലെത്തി പറഞ്ഞിരുന്നു. ദമ്പതികൾക്ക് ഏഴുവയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img